മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി; തിരച്ചില്‍ തുടരുന്നു, നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുപ്പതിയില്‍ നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. ചാടിപ്പോയ കുരങ്ങ് നന്തന്‍കോട് ഭാഗത്തുള്ളതായാണ് സംശയം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്.
കൂടിന് സമീപത്തുള്ള മതില്‍ ചാടിക്കടന്നാണ് ഹനുമാന്‍ കുരങ്ങ് പോയതെന്ന് കരുതുന്നു. കുരങ്ങിനായി തിരച്ചില്‍ തുടരുകയാണ്. നന്തന്‍കോട് ഭാഗത്ത് തന്നെയുണ്ടെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ തിരച്ചില്‍ നടത്തുന്നത്. കൂട് തുറക്കുമ്പോഴുണ്ടായ ശ്രദ്ധക്കുറവായിരിക്കാം കുരങ്ങ് ചാടിപ്പോകാന്‍ കാരണം.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു സിംഹങ്ങളെയും കുരങ്ങുകളെയും തലസ്ഥാനത്ത് എത്തിച്ചത്. ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തില്‍ തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യം പെണ്‍കുരങ്ങിനെ കൂട്ടിന് പുറത്ത് എത്തിച്ചത്.
പെണ്‍കുരങ്ങുകള്‍ ആണ്‍കുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇപ്രകാരം ചെയ്തത്. എന്നാല്‍ കൂടിനു പുറത്തിറങ്ങിയ കുരങ്ങ് ആദ്യം തൊട്ടടുത്തുള്ള മരത്തില്‍ കയറി. പിന്നീട് മരങ്ങള്‍ പലതും ചാടിക്കടന്ന് ദൂരേക്ക് പോകുകയായിരുന്നു.
കുരങ്ങിനെ പിടികൂടാനായി ആണ്‍കുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെണ്‍കുരങ്ങ് ശ്രദ്ധിക്കാതെ മൂന്നോട്ടു പോയി. ഇടയ്ക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. രാത്രിയോടെ ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിന്‍ മുകളില്‍ കയറിയിരുന്നു.