‘നിങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണോ? എനിക്ക് ഭക്ഷണം അയക്കാമോ?’; ട്വീറ്റുമായി കിംഗ് ഖാന്‍, വൈറലായി പ്രതികരണം
ട്വിറ്ററില്‍ എത്തുന്ന രസകരമായ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്ന താരമാണ് ഷാരൂഖ് ഖാന്‍. ‘ഭക്ഷണം കഴിച്ചോ ഭായ്?’ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയും അതിനോട് പ്രതികരിച്ച സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പിന്റെ ട്വീറ്റുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഭക്ഷണം കഴിച്ചോ ഭായ് എന്ന ചോദ്യത്തിന് ‘നിങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണോ? എനിക്ക് ഭക്ഷണം അയക്കാമോ?’ എന്നാണ് ഷാരൂഖ് മറുപടിയായി ചോദിച്ചത്. ഇതോടെയാണ് മറുപടിയുമായി സ്വിഗ്ഗി എത്തിയത്. ‘ഞങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണ്, ഭക്ഷണം അയക്കണോ?’ എന്നാണ് അവര്‍ ചോദിച്ചത്.
പിന്നാലെ ‘ഞങ്ങള്‍ ഡിന്നര്‍ കൊണ്ടുവന്നതാണ്’ എന്ന കുറിപ്പോടെ ഒരുകൂട്ടം സ്വിഗ്ഗി ഡെലിവറി ബോയ്സ് ഷാരൂഖിന്റെ വീടായ മന്നത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും പങ്കുവച്ചു. എന്നാല്‍ ഈ ട്വീറ്റിനോട് ഷാരൂഖ് ഖാന്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, താരത്തിന്റെയും സ്വിഗ്ഗിയുടെയും രസകരമായ ട്വീറ്റുകള്‍ക്ക് താഴെ മറ്റൊരു ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതായുള്ള ട്വീറ്റുകളും ഗ്രാഫുകളും എത്തുന്നുണ്ട്. അതേസമയം, ‘ജവാന്‍’ ആണ് ഷാരൂഖ് ഖാന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.