ഏകദിന ലോകകപ്പ്: പരിക്കില്‍ വലഞ്ഞ് ന്യൂസിലന്‍ഡ്, വില്യംസണ് പിന്നാലെ മറ്റൊരു സൂപ്പര്‍ താരവും പുറത്ത്

Spread the love

ന്യൂസിലന്‍ഡിന്റെ ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലിന് പരിക്ക് മൂലം വരുന്ന ഏകദിന ലോകകപ്പ് നഷ്ടമായേക്കുമെന്ന് സൂചന. ജൂണ്‍ 9 ന് ലീഡ്‌സില്‍ യോര്‍ക്ക്‌ഷെയറിനെതിരായ ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റില്‍ വോര്‍സെസ്റ്റര്‍ഷയര്‍ റാപ്പിഡ്‌സിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. താരം നാളെ യുകെയില്‍ ശസ്ത്രക്രിയക്ക് വിധേയനാകും.

ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികില്‍സകള്‍ക്കും പരിശീലനത്തിനുമായി താരത്തിന് ഏറെ സമയം വേണ്ടിവരും. ആറ് മുതല്‍ എട്ട് മാസം വരെ താരത്തിന് പുറത്തിരിക്കേണ്ടി വരും എന്നാണ് വിവരം. അങ്ങനെ എങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പ് താരത്തിന് നഷ്ടമാകും.

ഇപ്പോള്‍ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് ലോകകപ്പാണ് നഷ്ടമാകാന്‍ പോകുന്നത്. രാജ്യാന്തര അരങ്ങേറ്റത്തിന് ശേഷമുള്ള 15 മാസങ്ങള്‍ അദേഹത്തിന് മികച്ചതായിരുന്നു. ബ്രേസ്വെല്‍ മികച്ച ടീം പ്ലെയറാണ്. ബോളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മികവ് കാട്ടുന്ന താരം ലോകകപ്പിലെ പ്രധാന ടീമംഗമായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ ബ്രേസ്വെല്ലിന് നാട്ടിലേക്ക് മടങ്ങാനാകൂ. പരിക്ക് കായികയിനങ്ങളുടെ ഭാഗമാണ്. എന്നാല്‍ അതില്‍ നിന്ന് കരകയറുന്നതിലാണ് ഇനി ശ്രദ്ധ- കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു.

ഐപിഎലിനിടെ പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണ്‍ ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലാണ്. ആ പ്രഹരം പരിഹരിക്കാന്‍ നോക്കവേയാണ് കിവീസിനെ തേടി അടുത്ത തിരിച്ചടിയും എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *