‘ദൃശ്യം 3’ മലയാളത്തിലും ഹിന്ദിയിലും ഒന്നിച്ച് എത്തുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ജീത്തു ജോസഫ്
‘ദൃശ്യം 3’ ഹിന്ദിയിലും മലയാളത്തിലും ഒന്നിച്ച് നിര്‍മ്മിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായകന് ജീത്തു ജോസഫ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് ജീത്തു ജോസഫ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കിയത്.
‘ദൃശ്യം 2’ ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളും മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചുവെന്നും ഇത് ഇഷ്ടപ്പെട്ട ജീത്തു മൂന്നാം ഭാഗത്തിന്റെ തിരക്കഥാ രചനയില്‍ ആണെന്നും അടുത്ത വര്‍ഷം ചിത്രം നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ദേശീയ മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ദൃശ്യം 3ക്ക് ആയി പുറത്തു നിന്ന് കഥ എടുക്കുന്നില്ല എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ”ദൃശ്യം 3ക്കായി പുറത്തുനിന്ന് കഥ എടുക്കില്ല. കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ല.”
”എല്ലാം ഒത്തുവരുമ്പോള്‍ മാത്രം സംഭവിക്കേണ്ട സിനിമയാണ് അത്. എപ്പോള്‍, എങ്ങനെ എന്ന് ഇപ്പോള്‍ പറയാനാകില്ല” എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അതതേസമയം, നേരത്തെ ദൃശ്യം 3യുടെ മലയാളം പതിപ്പും ഹിന്ദി പതിപ്പും ഒന്നിച്ചെത്തും എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.
ദൃശ്യം 2 ബോളിവുഡില്‍ ഹിറ്റ് ആയപ്പോള്‍, ദൃശ്യം 3യുടെ സസ്പെന്‍സ് പോകാതിരിക്കാന്‍ മലയാളവും ഹിന്ദിയും ഒരു ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദൃശ്യം 2 ബോളിവുഡ് റീമേക്ക് 345 കോടിയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്.