അന്ന് പ്രതികരിച്ചത് ആ ഒരാള്‍ക്ക് വേണ്ടി, തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ കൂടെ നില്ക്കും; കോഹ്ലിയുമായുള്ള ഉടക്കിനെ കുറിച്ച് ഗംഭീര്‍
ഐപിഎല്‍ 16ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള കളിക്കു ശേഷമായിരുന്നു നാടകീയ രംഗങ്ങളോട് പ്രതികരിച്ച് ലഖ്നൗ ടീമിന്റെ ഉപദേശകനായ ഗൗതം ഗംഭീര്‍. നവീന്‍ ഉല് ഹഖ് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയായിരുന്നെന്നും എന്റെ ടീമിലെ താരമാണ് തെറ്റ് ചെയ്തതെങ്കില്‍ ഞാന്‍ അയാളോടൊപ്പം ഒരിക്കലും നില്‍ക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ഞാന്‍ അന്നത്തെ സംഭവത്തെപ്പറ്റി ചുരുക്കി പറയാനാണ് ആഗ്രഹിക്കുന്നത്. കൂടുതലായൊന്നും പറയില്ല. ആ മല്‍സരത്തിലുണ്ടായിരുന്ന ഒരു വ്യക്തിക്കു വേണ്ടിയാണ് ഞാന്‍ അന്നു അങ്ങനെ പ്രതികരിച്ചത്. നവീന്‍ ഉല് ഹഖ് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണ്. ഞാന്‍ അതു അവസാനം വരെ തുടരുകയും ചെയ്യും.
നവീന്‍ മാത്രമല്ല അതു നിങ്ങളില്‍ ഒരാളായാല്‍ പോലും തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ബോധ്യമായാല്‍ ഞാന്‍ കൂടെ നില്ക്കും. എന്നെ അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഉറപ്പായും അങ്ങനെ തന്നെ ചെയ്യും.