അഡ്വ. ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതിവാദി, അമിക്കസ് ക്യുറി നിയമനത്തിന് എതിരെ സി.പി.എം
മൂന്നാര്‍ മേഖലയിലെ കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമിക്കസ് ക്യുറിയായി അഡ്വ. ഹരീഷ് വാസുദേവനെ ഹൈക്കോടതി നിയമിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം.
ഹരീഷ് വാസുദേവന്‍ കപടപരിസ്ഥിതി വാദിയാണെന്നാണ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ആരോപിച്ചത്. മുന്നാര്‍ മേഖലയിലെ 9 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് അഡ്വ. ഹരീഷ് വാസുദേവനെ ഹൈക്കോടതി അമിക്കസ് ക്യുറിയായി നിയമിച്ചത്.
മൂന്നാര്‍ മേഖലയിലെ 9 പഞ്ചായത്തുകളില്‍ 3 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു. ബൈസണ്‍വാലി, ചിന്നക്കനാല്‍, ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍, മാങ്കുളം, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണു 3 നിലയില്‍ അധികമുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നത് രണ്ടുമാസത്തേക്ക് വിലക്കിയത്. ഇക്കാര്യമാവശ്യപ്പെട്ട് വണ്‍ എര്‍ത്ത്, വണ്‍ ലൈഫ് സംഘടന നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
എന്നാല്‍ ഈ ഹര്‍ജിക്കു പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്നും സി വി വര്‍ഗീസ് ആരോപിച്ചു. ഇതു ഒരു കപട പരിസ്ഥിതി സംഘടനയാണ്. ”ഹരീഷ് വാസുദേവന്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കടുത്ത കപട പരിസ്ഥിതി വാദിയാണ്. ഇവിടെ കസ്തൂരി രംഗന് ഗാഡ്ഗില്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ ഇടുക്കിയെ പൂര്‍ണമായും വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളാണ്’ സി വി വര്‍ഗീസ് പറഞ്ഞു.