‘ആദിപുരുഷ്’ ടിക്കറ്റിന് വില 2000 വരെ; മുഴുവനും വിറ്റ് തീര്‍ന്നുവെന്ന് തിയേറ്റർ ഉടമകള്‍

Spread the love

‘ആദിപുരുഷ്’ ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന വില. 1650 മുതല്‍ 2000 രൂപ വരെയാണ് ചിലയിടങ്ങില്‍ ടിക്കറ്റുകളുടെ വില. എന്നാല്‍ ഈ ടിക്കറ്റുകള്‍ വരെ വിറ്റ് പോയി എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൗസ് ഫുള്‍ ആയെന്നാണ് വിവരം.

ഡല്‍ഹിയില്‍ ചിത്രത്തിന്റെ ടിക്കറ്റ് വില 2000ത്തിലേക്ക് ഉയര്‍ന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. ഡല്‍ഹിയിലെ പിവിആറിലെ വെഗാസ് ലക്സ്, ദ്വാരക എന്നിവിടങ്ങളില്‍ 2000 ടിക്കറ്റും. നോയിഡയിലെ പിവിആര്‍ സെലക്ട് സിറ്റി വാക്ക് ഗോള്‍ഡിലെ 1800 രൂപ ടിക്കറ്റുകളും വിറ്റുതീര്‍ന്നു.

നോയിഡയില്‍ പിവിആര്‍ ഗോള്‍ഡ് ലോജിക്‌സ് സിറ്റി സെന്ററില്‍ 1650 രൂപയ്ക്ക് ഉയര്‍ന്ന ടിക്കറ്റുകള്‍ ലഭ്യമാണ്. 250 മുതലുള്ള ടിക്കറ്റുകളും ലഭ്യമാണ്. കൊല്‍ക്കത്തയിലും ബാംഗ്ലൂരിലും സമാനമായ രീതിയില്‍ ടിക്കറ്റുകളുണ്ട്. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ആണ് ലഭിച്ചത്.

ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ എടുക്കുമെന്ന് അറിയിച്ച് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം രണ്‍ബിര്‍ കപൂറും 10,000 ടിക്കറ്റുകള്‍ എടുത്തുവെന്ന് വിവരമുണ്ട്. അനാഥ കുട്ടികള്‍ക്ക് സിനിമ കാണാന്‍ അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

നടന്‍ രാം ചരണും ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ രാമനായി പ്രഭാസ് വേഷമിടുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാന്‍ ആണ് അഭിനയിക്കുന്നത്. നടി കൃതി സനോന്‍ ആണ് സീതയായി വേഷമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *