ആ ഇന്ത്യൻ താരം കാരണം ടെസ്റ്റ് ക്രിക്കറ്റിന് വലിയ നഷ്‌ടം ഉണ്ടായിരിക്കുന്നു, എന്തിനായിരുന്നു അങ്ങനെ ഒരു തീരുമാനം; സൂപ്പർ താരത്തോട് ഇയോൻ മോർഗൻ
ഞായറാഴ്ച ഇന്ത്യയെ 209 റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കിരീടം സ്വന്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്നാം സൈക്കിൾ ആരംഭിക്കുന്നതോടെ ഡബ്ല്യുടിസിയുടെ രണ്ടാം സൈക്കിൾ അവസാനിച്ചു. വലിയ ഒരുക്കങ്ങൾ ഒന്നും ഇല്ലാതെ ഫൈനലിനെ സമീപിച്ച ടീമിന് അതിനുള്ള തിരിച്ചടി കിട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
എന്നിരുന്നാലും, മുൻ ഇംഗ്ലണ്ട് നായകനും ലോക ചാമ്പ്യനുമായ ഇയോൻ മോർഗന്റെ അഭിപ്രായത്തിൽ ഫോർമാറ്റ് വീണ്ടും വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ കടന്നുപോകുന്നു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ അഭാവം ഗെയിമിന് വലിയ നഷ്ടമാണെന്ന് 2019 ലോകകപ്പ് ജേതാവ് പറഞ്ഞു, കാരണം കോഹ്ലിയാണ് ഫോര്മാറ്റിനെ ആക്റ്റീവ് ആയിട്ട് നിർത്താൻ പ്രധാന പങ്ക് വഹിച്ച ആൾ.
“എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും ഇഷ്ടമാണ്. എന്നാൽ ഇത് ശരിക്കും വെല്ലുവിളി നിറഞ്ഞ സമയമാണ്. ഒരു ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലിയെ ഞാൻ മിസ് ചെയ്യുന്നു. അവൻ അത് എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിൽ അഭിനിവേശമുള്ളവനാണെന്നും അദ്ദേഹം വ്യക്തമായി സംസാരിച്ചത് നമ്മൾ കണ്ടതാണ് ,” മോർഗൻ പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്തു.
ശ്രദ്ധേയമായി, ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് കോഹ്‌ലി എപ്പോഴും വാചാലനായിരുന്നു, കൂടാതെ കളിയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. 58 മത്സരങ്ങളിൽ നിന്ന് 58.82 വിജയശതമാനത്തോടെ 40 വിജയങ്ങൾ നേടിയ മുൻ ഇന്ത്യൻ നായകൻ കളിയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നാലാമത്തെ നായകനാണ്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ 1-2 പരമ്പര തോൽവിയെത്തുടർന്ന് 2023 ജനുവരിയിൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഇന്നിംഗ്‌സിൽ കൂറ്റൻ ലീഡ് വഴങ്ങിയതിന് ശേഷം തന്നെ ഇന്ത്യയുടെ കളി കൈവിട്ട് പോയിരുന്നു. നാലാം ഇന്നിംഗ്‌സിൽ രോഹിത് ശർമ്മ നയിക്കുന്ന ടീമിന് 444 റൺസ് വിജയലക്ഷ്യം കിട്ടുമ്പോൾ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 280 റൺസ് കൂടി പിന്തുടരാൻ 7 വിക്കറ്റുകൾ കൈയിൽ ഉണ്ടായിരുന്നു. വിരാട് കോലിയിലും അജിങ്ക്യ രഹാനെയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ അർപ്പിച്ചതെങ്കിൽ അഞ്ചാം ദിനം കൂടുതൽ അത്ഭുതങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഇന്ത്യ കീഴടങ്ങുക ആയിരുന്നു.