വ്യാജ സർട്ടിഫിക്കറ്റ് അല്ലേയെന്ന ചോദ്യത്തിന് ആരു പറഞ്ഞെന്ന് വിദ്യയുടെ മറുപടി; ഫോൺ സംഭാഷണം പരിശോധിക്കാൻ ഒരുങ്ങി പൊലീസ്
വ്യാജരേഖാ വിവാദവുമായി ബന്ധപ്പെട്ട് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരായ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വിദ്യയും അട്ടപ്പാടി കോളജ് അധികൃതരും തമ്മിൽ നടത്തിയ ഫോൺ സംഭഷണം പരിശോധിക്കാനാണ് പുതിയ നീക്കം. വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് വ്യക്തമായി ഫോൺ കോളിൽ പ്രതിപദിക്കുന്നതായാണ് വിവരം.
അഭിമുഖത്തിനായി അട്ടപ്പാടി ഗവൺമെന്റ് കോളെജിലെത്തിയ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് പരിശോധിച്ച കോളേജ് അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് വിദ്യ മറുപടി പറഞ്ഞതായി അട്ടപ്പാടി കോളേജ് അധികൃതർ പറഞ്ഞു. വിദ്യയെ ഫോണിൽ ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങൾ അന്വേഷിച്ചത്.
വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് വിദ്യാ മറുപടി പറഞ്ഞുവെന്ന് അധികൃതർ പറയുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് വിദ്യ തിരിച്ച് ചോദിച്ചപ്പോൾ മഹാരാജാസ് കോളേജ് എന്ന് അധികൃതരാണെന്ന് മറുപടി നൽകി. ഇതിന് മറുപടിയായി താൻ അന്വേഷിക്കട്ടെ എന്നായിരുന്നു വിദ്യയുടെ മറുപടി.
അതേ സമയം കേസിൽ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് എട്ടു ദിവസങ്ങളായിട്ടും വിദ്യയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിലിരുന്ന് വിദ്യ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.