സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് 7പേര്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 2 ലക്ഷം പേരെയും
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നായ്ക്കളുടെ കടിയേറ്റത് രണ്ട് ലക്ഷം പേര്‍ക്ക്. ഈ വര്‍ഷം പേ വിഷബാധയേറ്റ് മരിച്ചത് ഏഴ് പേരാണ്. തെരുവുനായ വന്ധ്യംകരണത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ തുടരുമ്പോള്‍ നായയുടെ ആക്രമണത്തില്‍ കടിയേല്‍ക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണ്. ആക്രമണ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പദ്ധതികള്‍ പ്രഖ്യാപിക്കുകയും ശേഷം എല്ലാം മറക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
ഇത്തരത്തില്‍ കൊണ്ടുവന്ന മെഗാവാക്‌സിനേഷനും, ബ്ലോക്ക് അടിസ്ഥാനത്തില്‍ എബിസി സെന്ററുകളും, ജില്ലാതല അവലോകന സമിതികളും വന്നപോലെ തന്നെ പലവഴിയ്ക്കായി പദ്ധതികള്‍ പോവുകയാണ് ചെയ്തത്. കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ കുട്ടിയുടെ മരണം കൂടി കൂട്ടിയാല്‍ 7 മരണങ്ങളാണ് തെരുവുനായയുടെ ആക്രമണത്തിലും പേവിഷ ബാധയേറ്റുമായി സംസ്ഥാനത്തുണ്ടായത്. എന്നാല്‍ 2022ല്‍ മാത്രം 22പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് നായയുടെ കടിയേറ്റതും.
അതേസമയം മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം നിലവില്‍ സംസ്ഥാനത്ത് 170 ഹോട്ട്‌സ്‌പോട്ടുണ്ടെന്നാണ് പറയുന്നത്. ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്‍ത്തുനായ്ക്കളും സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളത് 4,3800 വളര്‍ത്തുനായ്ക്കള്‍ക്കും 32061 തെരുവുനായ്ക്കള്‍ക്കും മാത്രമാണ്. 17987 തെരുവുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.