കേരളത്തില്‍ മാതൃകാ ഭരണം, പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാര്‍, കെ റെയില്‍ നാളെ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതി: മുഖ്യമന്ത്രി
കേരളത്തില്‍ ഏഴ് വര്‍ഷമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുടെ ഭാഗമായി ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ പ്രവാസി സംഗമത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍
ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം, കെ ഫോണ്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഇപ്പോള്‍ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാര്‍ഥ്യമാകുന്ന പദ്ധതിയാണ് കെ റെയില്‍ എന്ന് ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളില്‍ ഉണ്ടാക്കിയപ്പോഴാണ് കെ റെയിലും വേണമായിരുന്നു എന്ന ചര്‍ച്ചകളുണ്ടായത്.
ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ ഫോണ്‍ വഴി സാക്ഷാത്കരിക്കപ്പെടുന്നുണ്ട്. ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. കേരളത്തിലെ റോഡുകള്‍ മികച്ചതാണ്. കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.