തെറ്റ് ചെയ്താല്‍ ഒരിക്കല്‍ പിടിക്കപ്പെടും, എല്ലാ കാലവും മറച്ച് വെയ്ക്കാന്‍ പറ്റില്ല; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കെ.കെ ശൈലജ
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിദ്യയ്‌ക്കെതിരെ വിമര്‍ശനവുമായി കെ കെ ശൈലജ ടീച്ചര്‍. എല്ലാ കാലത്തും തെറ്റ് മറച്ചുപിടിക്കാനാവില്ലെന്നും ഒരിക്കല്‍ പിടികൂടുമെന്ന ബോദ്ധ്യം വേണമെന്നും ശൈലജ ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്ത ബിരുദവും കഴിവും ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയല്ല. തെറ്റ് ചെയ്താല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നാണ് ശൈലജ ടീച്ചര്‍ പ്രതികരിച്ചത്.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ശൈലജ പ്രതികരിച്ചു. ആര്‍ഷോ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിയും. പങ്കാളിയാണെങ്കില്‍ അതും, അല്ലെങ്കില്‍ അതും തെളിയും. അതിനാല്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ തനിക്കാവില്ല എന്നും ശൈലജ വ്യക്തമാക്കി.
എസ്എഫ്‌ഐ മുന്‍ നേതാവ് വിദ്യ പ്രതിയായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അട്ടപ്പാടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പിളിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരില്‍ നിന്നും വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. അഗളി സി ഐ കോളേജില്‍ നേരിട്ടെത്തിയാകും മൊഴിയെടുക്കുക. അതൊടൊപ്പം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തുന്നതായിരിക്കും.
കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം പരിശോധിക്കാനുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്ന് പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചേക്കും. എന്നാല്‍ ഒളിവിലുള്ള വിദ്യയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം ഹൈക്കോടതിയില്‍ വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുമുണ്ട്.