പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്. പരാതിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം നടപടിയെടുക്കാന്‍ അനുമതി തേടി വിജിലന്‍സ്, സ്പീക്കര്‍ എഎന്‍ ഷംസീറിന് കത്ത് നല്‍കിയിരിക്കുന്നു. എന്നാല്‍ നിയമസഭാംഗത്തിനെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പദ്ധതിക്ക് വേണ്ടി വിദേശത്തെ ഏത് സംഘടനയില്‍ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നോ, ഇതൊക്കെയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.
2020 ല്‍ പരിഗണിച്ചിട്ടും അന്വേഷണം നടത്താതിരുന്ന പരാതിയാണ് വിജിലന്‍സ് ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത്. ഈ വിഷയം ഹൈക്കോടതി രണ്ടുവട്ടം തള്ളുകയും ചെയ്തിരുന്നു. സതീശന്റെ മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടു തകര്‍ന്ന 280 പേര്‍ക്ക് ഇതിനകം ‘പുനര്‍ജനി’ പദ്ധതിയില്‍ വീടു നിര്‍മിച്ചു നല്‍കി. ഇതില്‍ 37 വീടുകള്‍ വിദേശ മലയാളികളുടെ സ്‌പോണ്‍സര്‍ഷിപ് മുഖേന നിര്‍മിച്ചവയാണ്. ദുബായിലും യുകെയിലും നടത്തിയ സന്ദര്‍ശനത്തില്‍ പദ്ധതിക്കായി സതീശന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.