സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒമ്പതു സീറ്റുകളില്‍ വീതം വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി.
ബിജെപി, യുഡിഎഫ് കക്ഷികളില്‍ നിന്നും നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മൂന്നു സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടമായിട്ടുണ്ട്. പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം വാര്‍ഡ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും സിപിഎം പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു.
കോഴിക്കോട് പുതുപ്പാടി കണലാട് വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എറണാകുളം നെല്ലിക്കുഴി പഞ്ചായത്ത് ആറാംവാര്‍ഡും, അഞ്ചല്‍ തഴമേല്‍ വാര്‍ഡും ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു.
പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്. മുതലമട പറയമ്പള്ളം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് സ്വന്തമാക്കി. കണ്ണൂര്‍ ചെറുിതാഴം കക്കോണി വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി ജയം നേടി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തിരുവനന്തപുരത്തെ പഴയ കുന്നുമ്മേല്‍ കാനറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തിയിട്ടുണ്ട്.
മണിമല പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഇതോടെ ആകെയുള്ള 13 സീറ്റില്‍ യുഡിഎഫിന് ആറ് സീറ്റായി. ഒരു സ്വതന്ത്രന്റെ പിന്തുണ അടക്കം എല്‍ഡിഎഫിനും ആറ് സീറ്റുണ്ട്. ബിജെപിക്കാണ് ഒരു സീറ്റ്. കോട്ടയം മുനിസിപ്പാലിറ്റിയിലെ പുത്തന്‍തോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി

 

Leave a Reply

Your email address will not be published. Required fields are marked *