പ്രായം കുറക്കാന്‍ ഓരോ വര്‍ഷവും ചിലവഴിക്കുന്നത് 16 കോടി;
കൗമാരക്കാരായ മക്കളോട് മാതാപിതാക്കള്‍ സഹായം ചോദിക്കുന്നത് സാധാരണമാണ്. പക്ഷെ, ഇതാദ്യമായിരിക്കും ഒരു മകന്‍ തന്റെ അച്ഛന്റെ പ്രായം കുറയ്ക്കാനായി സ്വയം വൈദ്യപരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നത്. പ്രായം കുറയ്ക്കാനുള്ള പരീക്ഷണങ്ങള്‍ക്കായി ഓരോ മാസവും കോടികള്‍ മുടക്കുന്ന ടെക് സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ്.
45 -കാരനായ ഇദ്ദേഹം തന്റെ പ്രായത്തെ കുത്തനെ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അതിന്റെ ഭാഗമായി മറ്റൊരു പരീക്ഷണത്തിന് കൂടി അദ്ദേഹം വിധേയമായികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ 17 വയസ്സുള്ള മകന്‍ ടാല്‍മേജിനെയും 70 വയസ്സുള്ള പിതാവ് റിച്ചാര്‍ഡിനെയും ചേര്‍ത്തുകൊണ്ടുള്ള ഒരു രക്ത കൈമാറ്റമാണ് ഇപ്പോള്‍ ഇദ്ദേഹം നടത്തുന്നത്.മകന്റെ ശരീരത്തിലെ രക്തത്തില്‍ നിന്നും പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അത് ബ്രയാന്‍ ജോണ്‍സന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്‌സാസിലെ മെഡിക്കല്‍ സ്പായിലാണ് ഇപ്പോള്‍ ബ്രയാന്‍ ജോണ്‍സന്റെ പ്രായം കുറയ്ക്കുന്നതിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. മകന്റെ ശരീരത്തില്‍ നിന്നും ഒരു ലിറ്റര്‍ രക്തം ശേഖരിച്ചാണ് ബ്രയാന്‍ ജോണ്‍സന്റെ ശരീരത്തിലേക്ക് ആവശ്യമുള്ള രക്ത ഉല്‍പന്നങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്.
അതേസമയം തന്നെ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ 70 വയസ്സുള്ള പിതാവിന് തന്റെ ശരീരത്തില്‍ നിന്ന് ഒരു ലിറ്റര്‍ രക്തം ദാനം ചെയ്യും. എന്നാല്‍ 17 വയസ്സുകാരനായ മകന് ആരും രക്തം ദാനം ചെയ്തിട്ടില്ല എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് ഇദ്ദേഹം ഇത്തരത്തില്‍ രക്തം സ്വീകരിച്ചുകൊണ്ടിരുന്നത് അജ്ഞാതനായ ഒരു രക്ത ദാതാവില്‍ നിന്നായിരുന്നു.ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രായത്തില്‍ നിന്നും ശാരീരികമായി പ്രായം രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് വയസ്സ് കുറഞ്ഞിട്ടുണ്ട്. കൂടാതെ 28 -കാരന്റെ ചര്‍മ്മവുമാണത്രേ ഇപ്പോള്‍ ഇദ്ദേഹത്തിനുള്ളത്.