കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ; സ്കൂളിന്റെ ഗേറ്റ് പൂട്ടി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് സിപിഎം നേതാവും എംഎല്‍എയുമായ പിവി ശ്രീനിജിൻ തടഞ്ഞു. അണ്ടര്‍ 17 സെലക്ഷന് ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റ് എംഎല്‍എ അടച്ചു പൂട്ടുകയായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് ശ്രീനിജിന്റെ നടപടി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് സെലക്ഷന് ട്രയല്‍സിനായി എത്തിയത്. വെളുപ്പിന് സ്കൂളിലെത്തിയപ്പോഴാണ് സ്കൂള്‍ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. ഇതോടെ സെലക്ഷന് ട്രയല്‍സിനെത്തിയ കുട്ടികളും അവരുടെ രക്ഷിതാക്കളും ഗേറ്റിന് പുറത്ത് നില്‍ക്കേണ്ട അവസ്ഥയായി.
പിവി ശ്രീനിജിന്‍ എംഎല്‍എയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്. എട്ടുമാസത്തെ വാടകയായി എട്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ശ്രീനിജിന്‍ പറയുന്നത്. പല തവണ കത്തുനില്‍കിയിരുന്നു. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഗേറ്റ് പൂട്ടിയതെന്നും ശ്രീനിജന് പറയുന്നു.
സംഭവം വിവാദമായതോടെ കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍മാരെത്തി സ്കൂളിന്റെ ഗേറ്റ് തുറന്നു. സ്കൂള്‍ കൊച്ചി കോര്പ്പറേഷന് കീഴിലാണെന്നും, എംഎല്‍എ ഇല്ലാത്ത അധികാരമാണ് കാണിച്ചതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ഗേറ്റ് തുറക്കാൻ മന്ത്രിയും നിർദേശം നൽകിയിരുന്നു.