സ്‌പെഷ്യല്‍ മാരേജ് ആക്ട്; വിവാഹം ഓണ്‍ലൈനില്‍ നടത്താം
കൊച്ചി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഹൈക്കോടതി 2021 സെപ്റ്റംബര്‍ ഒന്‍പതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഓണ്‍ലൈന്‍ വിവാഹം നടത്താന്‍ മുന്‍പ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കാനും നിര്‍ദേശിച്ചു. മാറിയസാഹചര്യത്തില്‍ 2000-ല്‍ നിലവില്‍വന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമവും കണക്കിലെടുത്തുവേണം സ്പെഷ്യല്‍ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വകുപ്പ് ആറ് ഇലക്ട്രോണിക് രേഖകള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാന്‍ വധൂവരന്മാര്‍ മാരേജ് ഓഫീസര്‍ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. കോവിഡ് വ്യാപകമായതോടെ ഇതില്‍ ഇളവുതേടി ഒട്ടേറെ ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തി. ഇതിന് തുടര്‍ച്ചയായാണ് 2021-ല്‍ ഈ വ്യവസ്ഥയില്‍ ഇളവുനല്‍കി ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുമതിനല്‍കിയത്.
ഓണ്‍ലൈന്‍ വിവാഹത്തിന് കോടതി നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍
* ഓണ്‍ലൈന്‍ വഴിയുള്ള വിവാഹത്തിന്റെ സാക്ഷികള്‍ മാരേജ് ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരാകണം.
* ഓണ്‍ലൈനില്‍ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികള്‍ തിരിച്ചറിയണം.
* വധൂവരന്മാരെ തിരിച്ചറിയാന്‍ പാസ്‌പോര്‍ട്ടിന്റെയോ മറ്റ് തിരിച്ചറിയല്‍ രേഖയുടെയോ പകര്‍പ്പ് ഓഫീസര്‍ക്ക് നല്‍കണം.
* വധൂവരന്മാരുടെ പവര്‍ ഓഫ് അറ്റോര്‍ണിയുള്ളവര്‍ ഇവര്‍ക്കുവേണ്ടി ഒപ്പുവെക്കണം.
* വിവാഹത്തീയതിയും സമയവും മാരേജ് ഓഫീസര്‍ തീരുമാനിച്ച് നേരത്തേ അറിയിക്കണം
* ഏത് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം വേണമെന്ന് ഓഫീസര്‍ക്ക് തീരുമാനിക്കാം.
* വിവാഹം നടത്തിക്കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് നിയമപ്രകാരം നല്‍കണം.