ഒടുവില്‍ തീരുമാനമായി… സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി, ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി

Spread the love

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും.
സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനും തീരുമാനമായി. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.
മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങള്‍ വിജയം കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യക്കു ഇത് രണ്ടാമൂഴമാണ്. മുഖ്യമന്ത്രിപദമോഹം മറച്ചുവയ്ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദര്‍ശത്തിലുറച്ച് ശക്തമായ കോണ്‍ഗ്രസ് വിരുദ്ധനിലപാടില്‍ മുന്നോട്ടു പോയയാള്‍ അതേ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി രണ്ടാമതും അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
പിന്നാക്ക വിഭാഗമായ കുറുബ ഗൗഡ സമുദായത്തില്‍ 1948 ഓഗസ്റ്റ് രണ്ടിനു ജനിച്ച സിദ്ധരാമയ്യ രണ്ടുതവണ ഉപമുഖ്യമന്ത്രിയും, 2013 ല്‍ മുഖ്യമന്ത്രിയുമായി. സിദ്ധദേവനഹുണ്ഡിയാണ് ജന്മനാട്. കര്‍ഷകനായ സിദ്ധരാമെ ഗൗഡയുടെയും ബൊറമ്മയുടെയും ആറു മക്കളില്‍ നാലാമന്‍. ദാരിദ്രത്തില്‍ പിച്ചവെച്ചായിരുന്നു വളര്‍ച്ച. സമാധാനവും സംയമനവും രാഷ്ട്രീയത്തിലെന്നും വിലപ്പെട്ട സ്വഭാവഗുണങ്ങള്‍ തന്നെയെന്നു കര്‍ണാടകയുടെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയെന്ന പദമേറുന്നത് അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *