വടക്കൻ ഇറ്റലി വെള്ളപ്പൊക്ക ദുരിതത്തിൽ; 9 മരണം, ആയിരക്കണക്കിന് പേർ ഭവനരഹിതരായി

Spread the love

കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇറ്റലിയുടെ വടക്കൻ എമിലിയ-റൊമാഗ്ന മേഖലയിൽ ഒമ്പത് പേർ മരിക്കുകയും, ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്‌തു.

ചില പ്രദേശങ്ങളിൽ വെറും 36 മണിക്കൂറിനുള്ളിൽ ശരാശരി വാർഷിക മഴയുടെ പകുതി ലഭിച്ചു, നദികൾ കരകവിഞ്ഞൊഴുകുകയും പട്ടണങ്ങളിലൂടെ വെള്ളം ഒഴുകുകയും ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്‌തുവെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമേസി പറഞ്ഞു.

അതിനിടെ, അടിയന്തര സേവനങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും മോട്ടോർ റേസിംഗ് ആരാധകർ വെള്ളപ്പൊക്കമുള്ള മേഖലയിൽ ഒത്തുചേരുന്നത് തടയുന്നതിനുമായി ഞായറാഴ്‌ച നിശ്ചയിച്ചിരുന്ന ഇമോളയിലെ ഫോർമുല വൺ ഗ്രാൻഡ് പ്രീ റദ്ദാക്കി. വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ച മേഖലകൾക്ക് സമീപമാണ് ഇതിന്റെ വേദി.

“ഇതുവരെ കണ്ടിട്ടില്ലാത്ത വിനാശകരമായ സംഭവങ്ങളാണ് ഞങ്ങൾ നേരിടുന്നത്. അസാമാന്യമായ അളവിലുള്ള മഴ ഇവിടെ പെയ്‌തിരിക്കുന്നു, അത് ഉൾക്കൊള്ളാൻ ഈ പ്രദേശങ്ങൾക്ക് കഴിയുന്നില്ല.” എമിലിയ-റൊമാഗ്ന മേഖലയുടെ പ്രസിഡന്റ് സ്‌റ്റെഫാനോ ബൊനാച്ചിനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആദ്യകാല ക്രിസ്ത്യൻ പൈതൃക സ്ഥലങ്ങൾക്ക് പേരുകേട്ട അഡ്രിയാറ്റിക് തീരദേശ നഗരമായ റവെന്നയെ കെടുതി മോശമായി ബാധിച്ചു. ഏകദേശം 14,000 പേരെ പ്രദേശത്ത് നിന്ന് എത്രയും വേഗം ഒഴിപ്പിക്കേണ്ടിവരുമെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയ പ്രതിനിധി അറിയിച്ചതായി വാർത്താ ഏജൻസി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

37 നഗരങ്ങളിലും കമ്മ്യൂണിറ്റികളിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെന്നും 120ഓളം ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബൊലോഗ്ന നഗരത്തിനടുത്തുള്ള ഒരു പാലവും തകർന്നു, ചില റോഡുകൾ വെള്ളപ്പൊക്കത്തിൽ പൂർണമായും ഇല്ലാതായി. ഇതിന് പുറമെ മേഖലയിൽ പല റെയിൽ സർവീസുകളും നിർത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *