കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് ഇന്ന് സോണിയ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കലിനെച്ചൊല്ലിയുള്ള തര്‍ക്കം നീളുന്നു. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണയുള്ള മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനാണ് ഹൈക്കമാന്‍ഡിന് താത്പര്യം. എന്നാല്‍, കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി. അധ്യക്ഷന്‍കൂടിയായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിപദവി ആവശ്യത്തില്‍നിന്ന് പിന്നാട്ടുപോകാന്‍ തയ്യാറായില്ല. ഇതോടെ വിഷയം സോണിയാഗാന്ധിയുടെ മധ്യസ്ഥതയിലേക്ക് വിടാന്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിച്ചു.
രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ചനടത്തും. ബുധനാഴ്ച ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവുംവിധം തിരക്കിട്ട കൂടിയാലോചനകളാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് ലക്ഷ്യം.
ആദ്യരണ്ടുവര്‍ഷം സിദ്ധരാമയ്യക്കും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനും നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. എന്നാല്‍, ഇക്കാര്യത്തില്‍ സോണിയാഗാന്ധിയില്‍നിന്ന് രേഖാമൂലമുള്ള ഉറപ്പ് ശിവകുമാര്‍ ആവശ്യപ്പെട്ടതായി അറിയുന്നു.
ശിവകുമാറുമായും സിദ്ധരാമയ്യയുമായും ഖാര്‍ഗെ ചൊവ്വാഴ്ച വൈകീട്ട് അരമണിക്കൂര്‍വീതം ചര്‍ച്ചനടത്തി. അഞ്ചേകാലോടെ ശിവകുമാറും ആറുമണിയോടെ സിദ്ധരാമയ്യ മകന്‍ യതീന്ദ്ര, എം.എല്‍.എ.മാരായ സമീര്‍ അഹമ്മദ്, ഭൈരതി സുരേഷ്, മുതിര്‍ന്ന നേതാവ് കെ.ജെ. ജോര്‍ജ് എന്നിവര്‍ക്കൊപ്പവുമെത്തി. തന്റെ അവസാന തിരഞ്ഞെടുപ്പാണിതെന്നും ഇനിയൊരു മത്സരത്തിനില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിപദം വേണമെന്നും 75-കാരനായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷത്തിനുശേഷം പദവി ശിവകുമാറിനു നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു.