സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി,രണ്ടുവര്‍ഷത്തിന് ശേഷം;സത്യപ്രതിജ്ഞ വ്യാഴാഴ്ച
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സന്ദേഹങ്ങള്‍ക്കുമൊടുവില്‍ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുന്‍ നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ആഘോഷവുമായി രംഗത്തെത്തി. അതേസമയം, ഡി.കെ. ശിവകുമാര്‍ തല്‍ക്കാലം മന്ത്രിസഭയിലേക്കില്ല. ഉപമുഖ്യമന്ത്രിയാകാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഡല്‍ഹിയില്‍ ഇന്നും തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്. സോണിയ ഗാന്ധിയുമായി രാവിലെ സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുമായും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കൂടിക്കാഴ്ച നടത്തിയിരുന്നു.മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചശേഷമായിരിക്കും ഉപമുഖ്യമന്ത്രി പദവികളും വകുപ്പുകളും സംബന്ധിച്ചു തീരുമാനമെടുക്കുകയെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.