പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഇനി പൊന്നമ്പലമേടാണെങ്കില്‍ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നത് എന്ന് അന്വേഷിക്കണം. പൂജ നടത്തുന്നതായി ദൃശ്യങ്ങളില്‍ കാണുന്നയാള്‍ വലിയ തട്ടിപ്പുകാരന്‍ ആണ്. ശബരിമല തന്ത്രിയുടെ ബോര്‍ഡ് വച്ച് കാര്‍ ഉപയോഗിച്ചിരുന്നു. ദേവസ്വം കമ്മീഷണര്‍ ഇന്ന് തന്നെ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.
അനധികൃതമായി വനത്തില്‍ കയറിയതിന് തമിഴ്‌നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ പൊന്നമ്പലമേട്ടില്‍ എത്തി പൂജ നടത്തിയത്. ശബരിമലയില്‍ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണന്‍ എന്നാണ് വിവരം.
അതേസമയം സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.