ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി
മദ്രസ അധ്യാപകര്‍ക്കുള്ളതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള ഒട്ടനവധി ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് കമ്മിഷന് ലഭിച്ചത്.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെ വിവിധ ഘടകങ്ങളാണ് കമ്മീഷന്‍ പരിശോധിച്ചത്. വിദഗ്ധരില്‍ നിന്ന് ഉള്‍പ്പടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. തിനനുസൃതമായ ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 500 നിര്‍ദ്ദേശങ്ങളാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. 306 പേജില്‍ രണ്ടുഭാഗങ്ങളായി തയാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു കൈമാറിയത്.
പുനര്‍ഗേഹം പദ്ധതിയില്‍ തീരത്ത് നിന്ന് മാറിത്താമസിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുന്നത് അപര്യാപ്തമാണെന്നാണ് മറ്റൊരു പ്രധാന പരാതി. ഇവര്‍ക്ക് സര്‍ക്കാര്‍ തന്നെ സ്ഥലവും വീടും നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്താനും മലയോരമേഖലകളില്‍ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മദ്രസ അധ്യാപകര്‍ക്കുള്ളതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി കൃസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന ആവശ്യങ്ങളില്‍ ഒന്നാണ്. ഈ കാര്യത്തിലുള്ള നിര്‍ദ്ദേശമാണ് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷനും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. ഈ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വലിയ ഒരാവശ്യത്തിനാണ് പരിഹാരമാകുക.
മറ്റു വിഭാഗങ്ങളെ അനുസരിച്ച് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ സംവരണമാണ് ലഭിക്കുന്നത് എന്നാണ് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പരാതി. ക്ഷേമനിധി ബോര്‍ഡ് വന്നാല്‍ മദ്രസ അധ്യാപകര്‍ക്കുള്ള അതേ ആനുകൂല്യങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ലഭിക്കും. മന്ത്രിയായിരിക്കെ ജലീല്‍ ആര്‍.രാമചന്ദ്രന്‍ എംഎല്‍എയ്ക്ക് നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം മദ്രസ അധ്യാപകര്‍ക്ക് ആയിരം രൂപ മുതല്‍ 5219 രൂപ വരെയാണ് പ്രതിമാസ പെന്‍ഷന്‍. സ്വന്തം വിവാഹത്തിനും പെണ്മക്കളുടെ വിവാഹത്തിനും 10000 രൂപ വീതം ലഭിക്കും. പ്ലസ് ടു- എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് എ പ്ലസ് ലഭിച്ചാല്‍ 2000 രൂപ കാഷ് അവാര്‍ഡ് ലഭിക്കും. ഭവന നിര്‍മ്മാണത്തിനു 2.5 ലക്ഷം രൂപ പലിശരഹിത വായ്പ ലഭിക്കും.