കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം.

Spread the love

തിരുവനന്തപുരം: കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം. കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണു സംഭവം. കൗൺസിലർ സ്ഥാനത്ത് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്തു. സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നേതാവിനെ എത്തിക്കാനായിരുന്നു ശ്രമം. ഡിസംബർ 12നു നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയും ജയിച്ചു. എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്നു യൂണിവേഴ്സിറ്റിയിലേക്കു നൽകിയപ്പോൾ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർഥി എ.വിശാഖിന്റെ പേരാണ്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽനിന്നാണു വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണു വിവരം. 26നാണു സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.

സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു സൂചന. യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജു പ്രതികരിച്ചു. എന്നാൽ, ഇങ്ങനെ ചെയ്യാൻ നിയമപരമായി കഴിയില്ല. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും കേരള യൂണിവേഴ്സിറ്റിക്കും ആൾമാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *