ഡോ. വന്ദന ദാസ് വധം: പ്രതി സന്ദീപ് 5 ദിവസം കസ്റ്റഡിയില്‍; പ്രതിക്കുവേണ്ടി ഹാജരായത് അഡ്വ. ആളൂര്‍
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനായ ജി. സന്ദീപിനെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്ന് ഇന്നു പരിഗണിച്ചപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് സന്ദീപിനെ ഹാജരാക്കിയിരുന്നു.
സന്ദീപിനുവേണ്ടി അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഹാജരായി. ഡോ. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതിനാല്‍ തെളിവു ശേഖരണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്ന് ആളൂര്‍ വാദിച്ചെങ്കിലും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിച്ചു.