വീണ്ടും ആക്രമണം: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അപകടത്തില്‍ പരിക്കേറ്റയാള്‍ ഡോക്ടറെ മര്‍ദിച്ചു
ഇടപ്പള്ളി: കളമശ്ശേരി മെഡില്‍ കോളേജിലും ഡോക്ടര്‍ക്കു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പോലീസ് അറസ്റ്റ് ചെയ്തു.
അപകടത്തില്‍ പരിക്കേറ്റെത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അങ്ങനെ അപകടമുണ്ടായി ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ഡോ. വന്ദനദാസിന്റെ മരണത്തോടെ ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.