മരത്തടി മുറിക്കുന്നതിനിടെ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു
കട്ടപ്പന: മരത്തടി മുറിക്കുന്നതിനിടെ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു. വള്ളക്കടവ് ജ്യോതിനഗർ പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ-45) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. മാലിക്കു സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്രണ്ടായ ഇദ്ദേഹം മറ്റ് തൊഴിലാളികൾക്കൊപ്പമാണ് പണിസ്ഥലത്ത് എത്തിയത്.
വീണുകിടന്ന മരത്തടി മെഷീൻവാൾ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ആയിരുന്നു അപകടം. തെന്നിമാറിയ മെഷീൻവാൾകൊണ്ട് ഇദ്ദേഹത്തിന്റെ ഇടതുകാൽ മുട്ടിനു മുകൾഭാഗത്തുവച്ച് മുറിഞ്ഞുതൂങ്ങി. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ.