ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Spread the love

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വന്ദന നമ്മുടെ മകളാണെന്നും സംഭവം ഏറെ ദുഃഖകരമാണെന്നും കോടതി പറഞ്ഞു. ഡോക്ടര്‍മാര്‍ക്കു നേരെ അക്രമം ആവര്‍ത്തിക്കുമ്പോഴും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി.

പോലീസിന്റെ കൈയ്യിൽ തോക്കില്ലേയെന്നും സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയണമെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്.

പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *