പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി.
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസുകാർ ചികിത്സയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
അതേസമയം ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാകും പ്രവര്‍ത്തിക്കുക. ഐഎംഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാരും പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക്. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടി നിശ്ചയിക്കും.
സംഭവത്തിൽ സുരക്ഷ ക്രമീകരണങ്ങള്‍ ഉള്ള ആശുപത്രിയിലായിരുന്നു ആക്രമണം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സര്‍ക്കാരിന് അതിശക്തമായ നിലപാടാണുള്ളതെന്നും നിലവിലെ നിയമം ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു.
ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.