എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല; കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകും

Spread the love

എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല; കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകും

തിരുവനന്തപുരം : വിവാദ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതൽ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. നിലവിൽ ധാരണാ പത്രത്തിൽ ഒപ്പിടില്ലെന്ന് ഉറപ്പായതോടെ പിഴയീടാക്കുന്നതും വൈകും. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ.

എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെൽട്രോൺ വെട്ടിലായി. പിഴ ചുമത്താതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്ന് കെൽട്രോണ്‍ നിലപാട് സ്വീകരിച്ചു. എന്നാൽ കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്‍ തന്നെ ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിലപാടെടുത്തു. ഇതോടെ തമ്മിൽ തർക്കമായി. ധാരണാ പത്രം ഒപ്പിടാനുമായില്ല.

Leave a Reply

Your email address will not be published. Required fields are marked *