ലഖ്‌നൗ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ഷാജന്‍ സ്‌കറിയയ്ക്ക് സമന്‍സ്ലു ലു ഗ്രൂപ് ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലാണ് സമന്‍സ്.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യുസുഫലിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടുന്ന ‘മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ മറ്റൊരു കുരുക്ക് കൂടി. ലഖ്‌നൗ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ഷാജന്‍ സ്‌കറിയയ്ക്ക് സമന്‍സ് ലഭിച്ചു. ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരേ ഉന്നയിച്ച കള്ളപ്പണ ആരോപണത്തിലാണ് നടപടി. ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് സമന്‍സ് അയച്ചത്.
ഷാജന്‍ സ്‌കറിയയ്ക്കുപുറമെ മറുനാടന്‍ മലയാളി സി.ഇ.ഒ ആന്‍മേരി ജോര്‍ജ്, ഗ്രൂപ് എഡിറ്റര്‍ എം. റിജു എന്നിവര്‍ക്കും കോടതി സമന്‍സയച്ചു. ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. ലഖ്‌നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലാണ് സമന്‍സ്.
മറുനാടന്‍ മലയാളിയുടെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത രണ്ട് വിഡിയോകള്‍ മുന്‍നിര്‍ത്തിയാണ് കേസ്. നോട്ട് അസാധുവാക്കലിനുശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എന്‍.വൈ ഏഷ്യ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8,300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നാണ് വിഡിയോയിലെ ആരോപണം. ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വിഡിയോയില്‍ ഷാജന്‍ സ്‌കറിയ ആരോപിച്ചിരുന്നു.
ഷുക്കൂര്‍ വക്കീല്‍ ചെയ്തതുപോലെ എം എ യൂസുഫലി ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം ചെയ്‌തെന്ന ആരോപണത്തിലായിരുന്നു എംഎ യൂസുഫലി ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെ ഷാജന്‍ സ്‌കറിയ പരസ്യമായി തന്റെ വാക്കുകള്‍ തിരുത്തിയിരുന്നു.