എ.ഐ. ക്യാമറ അഴിയമതിയാരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാതെ ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Spread the love

കൊച്ചി: എ.ഐ. ക്യാമറ അഴിയമതിയാരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാതെ ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കൊള്ളയാണ് എ.ഐ. ക്യാമറ. ഉപകരാറുകള്‍ എല്ലാം നല്‍കുന്നത് പ്രസാഡിയോ കമ്പനിക്കാണ്. പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമെന്തെന്ന് വിശദമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
ഊരാളുങ്കല്‍ സൊസൈറ്റി, എസ്.ആര്‍.ഐ.ടി., അശോക് ബില്‍കോണ്‍ എന്നീ മൂന്ന് കമ്പനികളും അവര്‍ക്ക് കിട്ടുന്ന എല്ലാ പ്രവൃത്തികളുടെയും ഉപകരാറുകളും പര്‍ച്ചേസ് ഓര്‍ഡറുകളും നല്‍കുന്നത് പ്രസാഡിയോ കമ്പനിക്കാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പ്രവൃത്തികളെല്ലാം അവസാനം പ്രസാഡിയോ കമ്പനിയിലേക്ക് പോകുന്നത് എങ്ങനെയാണ്? പ്രസാഡിയോ കമ്പനിയെ സംബന്ധിച്ച് ഗുരുതരമായ ആരോപണമുന്നയിച്ചിട്ടും ആ കമ്പനിയുമായുള്ള അടുപ്പമെന്തെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ലെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
പ്രസാഡിയോ കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരാണ് മറ്റു കമ്പനികളെല്ലാം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കൊള്ളയാണ് എ.ഐ. ക്യാമറ. കൃത്യമായ രേഖകള്‍ മുന്നില്‍വെച്ചാണ് ഈ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത്. രേഖകളില്ലാത്ത ഒരാരോപണവും തങ്ങള്‍ ഉന്നയിച്ചിട്ടില്ല. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ. മുഖ്യമന്ത്രിയുടെ ആറുമണി വാര്‍ത്താ സമ്മേളനം ഇപ്പോള്‍ എവിടെപ്പോയെന്നും സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രി ആകാശവാണിയെപ്പോലെയാണ്. ഇങ്ങോട്ട് പറഞ്ഞുകൊണ്ടിരിക്കും. അങ്ങോട്ടു പറയുന്നതു കേള്‍ക്കില്ല. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട്. അത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവട്ടെ. അല്ലെങ്കില്‍ കമ്പനിയുമായി എന്തുതരത്തിലുള്ള ബന്ധമാണുള്ളതെന്ന് വ്യക്തമാക്കാന്‍ തയ്യാറാവട്ടെ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മിണ്ടാന്‍ തയ്യാറാവുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *