സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു

Spread the love

സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് തീരുമാനം. യുഎൻ, യുഎസും മറ്റ് രാജ്യങ്ങളും ഈദുൽ ഫിത്വർ പ്രമാണിച്ച് മൂന്ന് ദിവസത്തെ വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തുകയാണ്.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് പറയുന്നു. അതേസമയം സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു. സുഡാനിൽ നേരത്തെ രണ്ട് തവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല.
ആർഎസ്എഫുമായുള്ള ചർച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവൻ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ നേരത്തെ തള്ളുകയും ചെയ്തിരുന്നു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വെടിനിർത്തലിന് അഭ്യർത്ഥിച്ചു. യുദ്ധത്തിൽ നിന്ന് വിശ്രമം നൽകുന്നതിനും സ്ഥിരമായ വെടിനിർത്തലിന് വഴിയൊരുക്കുന്നതിനുമുള്ള ആദ്യപടിയായിരിക്കണം ഈ വെടിനിർത്തലെന്ന് ഗുട്ടെറസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ വളരെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഡാനിലെ സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര സമ്മർദവും ശക്തമാകുമ്പോഴും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി സൈന്യം പോരാട്ടം തുടർന്നിരുന്നു. സുഡാനിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനോടകം മരണസംഖ്യ മുന്നൂറ് കടന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇരുപതിനായിരത്തോളം ആളുകൾ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഞായറാഴ്ച വരെയെങ്കിലും വെടിനിർത്തൽ നടപ്പിലാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അഭ്യർത്ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *