പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്.കേരളത്തിലെത്താൻ സുപ്രീംകോടതി അദ്ദേഹത്തിന് അനുമതി നൽകി
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്. ഇതുപ്രകാരം കേരളത്തിലെത്താൻ സുപ്രീംകോടതി അദ്ദേഹത്തിന് അനുമതി നൽകി. ജൂലൈ പത്ത് വരെ കേരളത്തിൽ തങ്ങാനാണ് അനുമതി. പിതാവിനെ കാണാനാണ് അനുമതി നൽകിയത്.
ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.തനിക്ക് ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിൻറെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബംഗളൂരു നഗരം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെ 2014ലാണ് കേസിൽ മഅ്ദനിക്ക് ജാമ്യം നൽകിയത്. എന്നാൽ കേസ് ഇഴഞ്ഞുനീങ്ങുന്നതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും ചികിത്സയ്ക്കായി കേരളത്തിൽ പോകണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹരജി നൽകിയത്. 2014ൽ ജാമ്യം നൽകുമ്പോൾ നാലുമാസം കൊണ്ട് വിചാരണപൂർത്തിയാക്കണമെന്ന് കോടതി കർണാടകയോട് ആവശ്യപ്പെട്ടിരുന്നു.