കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞു നിന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു

Spread the love

ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞു നിന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു. രാജിക്കത്ത് ഇന്ന് ബിജെപി നേതൃത്വത്തിന് കൈമാറുമെന്ന് ഷെട്ടാര്‍ അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ഷെട്ടാര്‍ ആരോപിച്ചു.

കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും തന്നെ വന്നു കണ്ടിരുന്നു. മത്സരരംഗത്തു നിന്നും മാറണമെന്നും, പകരം കുടുംബാഗങ്ങളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കാമെന്നും പറഞ്ഞു. തനിക്ക് പകരം സ്ഥാനങ്ങള്‍ നല്‍കുമെന്നും വാഗ്ദാനം നല്‍കി. എന്നാല്‍ താന്‍ ആ നിര്‍ദേശം നിരസിച്ചെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ തന്നോട് മോശമായാണ് പെരുമാറിയത്. ജഗദീഷ് ഷെട്ടാര്‍ ആരാണെന്ന് ബിജെപി നേതാക്കള്‍ക്കറിയില്ല. താന്‍ നിശബ്ദനായിരിക്കുമെന്ന് അവര്‍ കരുതേണ്ട. നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും. സ്വതന്ത്രനായിട്ടായിരിക്കുമോ മറ്റേതെങ്കിലും പാർട്ടി ടിക്കറ്റിലാണോ മത്സരിക്കുക എന്നത് തുടർ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

ഹുബ്ലി-ധര്‍വാഡില്‍ ഒരു അവസരം കൂടി നല്‍കണമെന്നാണ് ഷെട്ടാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. ആറു തവണ ഇവിടെ നിന്നുള്ള ജനപ്രതിനിധിയായിരുന്നു ഷെട്ടാര്‍.

Leave a Reply

Your email address will not be published. Required fields are marked *