പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് മുൻ ജമ്മുകശ്മീർ ഗവർണ്ണർ

Spread the love

തിരുവനന്തപുരം : പ്രധാനമന്ത്രിക്കെതിരായ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ ആയുധമാക്കി കോൺ​ഗ്രസ്. തുടർ ഭരണത്തിനു വേണ്ടി പുൽവാമയിൽ 40 സൈനികരെ ബലി കൊടുത്തതോ.? എന്ന് ചോദിച്ചുകൊണ്ടാണ് കോൺ​ഗ്രസ് സത്യപാൽ മാലിക്കിന്റെ അഭിമുഖവീഡിയോ പങ്കുവെയ്ക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് മുൻ ജമ്മുകശ്മീർ ഗവർണ്ണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ. അഭിമുഖത്തോടെ പ്രധാനമന്ത്രിയുടെ കപട ദേശീയതയുടെ മുഖമാണ് പുറത്തുവന്നതെന്ന് കോൺഗ്രസ് ദേശീയനേതൃത്വം പറയുന്നു.

കൊല്ലപ്പെട്ട ജവാൻമാരുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് പറഞ്ഞത് ഇങ്ങനെ..

”സുരക്ഷിത യാത്രയ്ക്കായി അഞ്ച് വിമാനങ്ങളാണ് സൈനികർ ആവശ്യപ്പെട്ടത്. മോദി സർക്കാർ അത് നിരസിച്ചതോടെ ബസിൽ യാത്ര ചെയ്യാൻ സൈനികർ നിർബന്ധിതരായി. വഴിയിൽ ഭീകരാക്രമണം ഉണ്ടായി, നമ്മുടെ 40 സൈനികർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് പ്രധാനമന്ത്രി മോദിയോട് ഇത് നമ്മുടെ തെറ്റ് കൊണ്ടാണ് സംഭവിച്ചതെന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദി എന്താണ് പറഞ്ഞതെന്ന് അറിയാമോ? നിങ്ങൾ മിണ്ടാതിരിക്കൂയെന്ന്.”

ദ് വയറിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യപാൽ മാലികിന്റെ ആരോപണങ്ങൾ. ‘2500 ജവാൻമാരെ കൊണ്ടുപോകാൻ സിആർപിഎഫ് അഞ്ച് വിമാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷെ വിമാനത്തിലായിരുന്നു ജവാൻമാരെ കൊണ്ടുപോയതെങ്കിൽ ആക്രമണം നടക്കില്ലായിരുന്നു. അന്ന് വൈകുന്നേരം ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചതെന്ന്. ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നേരിട്ട് ആവശ്യപ്പെട്ടു.’-അഭിമുഖത്തിൽ സത്യപാൽ പറഞ്ഞു.

സത്യപാൽ മാലിക്കിന്റെ ആരോപണം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ‘പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ട്വീറ്റിന് താഴെ സത്യപാൽ മാലിക്കിന്റെ അഭിമുഖത്തിന്റെ വീഡിയോകൾ നിരവധി പേർ ട്വീറ്റ് ചെയ്തു.പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയോട് അത്ര വെറുപ്പൊന്നുമില്ലെന്ന് തനിക്ക് വ്യക്തമായി പറയാൻ കഴിയുമെന്നും ജമ്മു കശ്മീർ വിഭജിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ഗവർണർ കൂടിയായ സത്യപാൽ മാലിക് പറഞ്ഞു.
ഇന്ത്യൻ ഭരണകൂടത്തിന്റെ കഴിവില്ലായ്മയും അശ്രദ്ധയുമാണ് 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സി ആർ പി എഫ് വാഹനത്തിനു നേരെ ആക്രമണമുണ്ടാകാൻ കാരണം. ആഭ്യന്തര മന്ത്രാലയത്തിന് ഈ വീഴ്ചയിൽ വലിയ പങ്കുണ്ട്. രാജ്‌നാഥ് സിങായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ വേണ്ടി സി.ആർ.പി.എഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കോർബറ്റ് പാർക്കിൽവെച്ച് പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ചകൾ പ്രധാനമന്ത്രിയോട് ധരിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിക്ക് ജമ്മു കശ്മീരിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സത്യപാൽ മാലിക്ക്‌ അഭിമുഖത്തിൽ ആരോപിച്ചു. 300 കിലോ ഗ്രാം ആർ.ഡി.എക്സ്. പാകിസ്താനിൽനിന്ന് എത്തി, ജമ്മു കശ്മീരിൽ 10-15 ദിവസത്തോളം ആർക്കും കണ്ടെത്താനാകാതെ കൈമാറിപ്പോയി എന്നത് ഇന്റലിജൻസിന്റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. 2019 ഫെബ്രുവരിയിൽ 40 ജവാന്മാരുടെ ജീവൻ നഷ്ടമായ പുൽവാമ ഭീകരാക്രമണ സമയത്തും ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരിൽ സത്യപാൽ മാലിക് ആയിരുന്നു ഗവർണർ.

2019 ഫെബ്രുവരി 14നാണ് പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച 40 ജവാൻമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2500 സിആർപിഎഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങൾ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം. പാകിസ്ഥാൻ കേന്ദ്രീകരിച്ച തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *