കേരളത്തില്‍ എട്ടു സ്റ്റോപ്പുകള്‍; ഏഴു മണിക്കൂറില്‍ 501 കിലോമീറ്റര്‍; വന്ദേഭാരത് ഇന്നെത്തും.ഈ മാസം 22ന് പരീക്ഷണയോട്ടം
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് കേരളത്തിൽ എട്ടു സ്റ്റോപ്പുകളാണ് ഉണ്ടാകുകയെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ എന്നാണ് വിവരം. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ വന്ദേഭാരതിന് കഴിയും. പൂർണമായും എ സി കോച്ചുകളാണ്.
ഓട്ടമാറ്റിക് ഡോറുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, എൽഇഡി ലൈറ്റിങ്, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ തുടങ്ങിയവ വന്ദേഭാരത് ട്രെയിനിന്റെ സവിശേഷതകളാണ്. മുന്നിലും പിറകിലും ഡ്രൈവർ ക്യാബിൻ ഉള്ളതിനാൽ ദിശ മാറ്റുന്നതിനായി സമയനഷ്ടവുമുണ്ടാകില്ല.
കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ഇന്ന് സംസ്ഥാനത്തെത്തും. ട്രെയിന്‍ ദക്ഷിണറെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടു വരെ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തും.
ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജന്‍ ആര് എന്‍ സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘമാണ് ട്രെയിനില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തുക.
വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്.ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണ് കേരളത്തിനു ലഭിക്കുന്നത്