ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റുപോയി
തലശ്ശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. വിഷ്ണു എന്നയാളുടെ കൈപ്പത്തിയാണ് അറ്റത്. ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമികമായ നിഗമനം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. സ്ഫോടനത്തില്‍ വിഷ്ണുവിന്റെ ഒരു കൈപ്പത്തി പൂര്‍ണ്ണമായും അറ്റുപോകുകയും മറ്റൊരു കൈപ്പത്തിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്ത് സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്, ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവത്തിലേക്ക് കാര്യങ്ങള്‍ നയിച്ചത് എന്നതുള്‍പ്പെടെയുള്ള വിശദമായ പരിശോധനയിലേക്ക് കടക്കുകയാണ് പൊലീസ്.
തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് രാത്രിയില്‍ സ്ഫോടനം നടന്നത്. ഇതിന്റെ സമീപത്ത് തന്നെ താമസിക്കുന്നയാളാണ് വിഷ്ണു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം സംഭവിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇതില്‍ പങ്കുള്ളയാളാണോ വിഷ്ണു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.