അരിക്കൊമ്പന്‍ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Spread the love

അരിക്കൊമ്പന്‍ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആനയെ കൂട്ടിലടയ്ക്കരുത്. എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ കഴിയില്ല. ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നെന്മാറ എംഎല്‍എ കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ആനയെ പിടികൂടാന്‍ എളുപ്പമാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. ആനയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുകൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. ആനയെ 24 മണിക്കൂറും നിരീക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്നായിരുന്നു വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്നത് ഉൾപ്പെടെയാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് പരിഗണിച്ച കോടതി അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും വിലക്കി. അരിക്കൊമ്പന്‍ ഇതിനോടകം തന്നെ പ്രയാസത്തിലാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സെല്‍ഫിയും പടക്കവും ഉള്‍പ്പെടെ ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതി പടര്‍ത്തിയിരുന്ന ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ശുപാർശയുടെ ആശ്വാസത്തിലാണ് നാട്ടുകാര്‍.  കാട്ടാന ശല്യം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അരിക്കൊമ്പന്‍ പ്രശ്നം പരിഹരിക്കുന്നതിന് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണെന്ന കണ്ടെത്തലാണ് ഇതില്‍ പ്രധാനം. ആനയ്ക്ക് വേണ്ട വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേക്ക് മാറ്റുന്നതാണ് അഭികാമ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആനയെ പിടികൂടുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനാവുമോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഞ്ചംഗ വിദഗ്ധ സമിതിയെ കോടതി നിയോഗിച്ചത്. സി.സി.എഫ് ആര്‍.എസ്. അരുണ്‍ ഉള്‍പ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍, കാട്ടാനകളുടെ  സ്വഭാവ സവിശേഷതകളെക്കുറിച്ച് അറിവുള്ള രണ്ട് വിദഗ്ധര്‍, കോടതി നിശ്ചയിച്ച അമിക്കസ്‌ക്യൂറി എന്നിവരുള്‍പ്പെടെ അഞ്ചു പേരാണ് വിദഗ്ധ സമിതി സംഘത്തിലുള്ളത്. ഇവര്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ ആശങ്കകളും അഭിപ്രായങ്ങളും ഉള്‍പ്പെടെ കോടതിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *