രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ്

Spread the love

സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സിജെഎം കോടതി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. കേസിൽ രാഹുൽ ഗാന്ധിയ്ക്ക് രണ്ടു വർഷം തടവ് വിധിച്ചു.

എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2019-ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.നാല് വര്‍ഷത്തിന് ശേഷം കോടതി ഇന്ന് വിധി പറഞ്ഞത്.

2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, ‘എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും’ എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് ആരോപിച്ച്, രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു. 2021ലാണ് ഈ കേസില്‍ രാഹുല്‍ അവസാനമായി സൂറത്ത് കോടതിയില്‍ ഹാജരായത്. തന്റെ മൊഴിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. രാഹുലിന്റെ അഭിഭാഷകന്‍ കിരിത് പന്‍വാലയുടെ പറയുന്നതനുസരിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച് വര്‍മ കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും അന്തിമ വാദം കേട്ടു. അതിനു ശേഷമാണ് ഇന്ന് വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *