ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധന.
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധന. ആയിരത്തിലേറെ പേർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച കേരളത്തിൽ മാത്രം ഇരുന്നൂറ്റിപത്ത് പേർക്ക് കോവിഡ് ബാധിച്ചു. മാസങ്ങൾക്കു ശേഷമാണ് ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അനുബന്ധ രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച അവലോകനയോഗം വിളിച്ചു. പുതിയ വകഭേദങ്ങൾ, വാക്സിനേഷൻ ക്യാംപയിന്റെ സ്ഥിതിഗതി, ഇൻഫ്ളുവൻസ രോഗങ്ങളുടെ വർധന എന്നിവയെക്കുറിച്ച് യോഗം വിലയിരുത്തി. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്നും വൈറസ് വ്യാപനത്തിൽ നിരന്തരം നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകി. മുതിർന്ന പൗരന്മാരും അനുബന്ധ രോഗങ്ങൾ ഉള്ളവരും ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനൊപ്പം കോവിഡ് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. ആശുപത്രി പരിസരങ്ങളിൽ രോഗികളും ആരോഗ്യപ്രവർത്തകരുമെല്ലാം മാസ്ക് ധരിക്കുന്ന ശീലം തുടരണമെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികളിൽ നിരന്തരം മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.