ചിന്തയ്ക്കു പണമില്ല; 26 ലക്ഷം ആവശ്യപ്പെട്ടു, 18 ലക്ഷം സര്‍ക്കാര്‍ കൊടുത്തു
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല. ഇക്കാര്യം അറിയിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാല്‍ ഡിസംബറില്‍ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യച്ചെലവുകള്‍ക്ക് പോലും പണമില്ലാത്ത സ്ഥിതിയാണ്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകള്‍ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുവജന കമ്മീഷന്‍ പണമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ചിന്തയുടെ ശമ്പള കുടിശിക ഇനത്തില്‍ 8.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതടക്കം 26 ലക്ഷം രൂപയാണ് സര്‍ക്കാരിനോട് ചോദിച്ചത്. ഇതില്‍ 18 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.