സർക്കാർ ഗ്രാന്റ് അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട എഎപി എംഎൽഎ അറസ്റ്റിൽ
കൈക്കൂലി കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. പഞ്ചാബിലെ ബതിന്ദാ റൂറൽ സീറ്റിൽ നിന്നുള്ള എംഎൽഎ അമിത് രത്തൻ കോട്ഫട്ടയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ അടുത്ത സഹായി റാഷിം ഗാർഗിനെ പഞ്ചാബ് വിജിലൻസ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാംഗത്തിന്റെ അറസ്റ്റ്.
വിജിലൻസ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ആം ആദ്മി പാർട്ടി എംഎൽഎയുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. ബുധനാഴ്ച വൈകിട്ട് രാജ്പുരയിൽ നിന്നാണ് എംഎൽഎയെ പിടികൂടിയതെന്നും, അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ഫട്ടയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
നേരത്തെ എംഎൽഎയുടെ അടുത്ത സഹായി റാഷിം ഗാർഗിനെ ഫെബ്രുവരി 16 ന് അറസ്റ്റ് ചെയ്തിരുന്നു. സർക്കാർ ഗ്രാന്റായ 25 ലക്ഷം അനുവദിക്കാൻ റാഷിം 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. നാലുലക്ഷം രൂപയുമായി വിജിലൻസ് ബ്യൂറോയുടെ സംഘമാണ് ഗാർഗിനെ പിടികൂടിയത്. ബാറ്റിൻഡയിലെ ഒരു ഗ്രാമത്തലവന്റെ ഭർത്താവാണ് റാഷിം ഗാർഗിനെതിരെ പരാതി നൽകിയത്.