മെഡി. കോളേജില്‍ യുവാവിനെ മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്തതില്‍ വിവാദം; പരിശോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവിനെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്തതിനെ തള്ളിപ്പറയാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടോ എന്ന പരിശോധിക്കുമെന്നാണ് വീണാ ജോര്‍ജിന്റെ നിലപാട്. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ തിരിച്ചെടുത്തത്.
കഴിഞ്ഞ വര്‍ഷം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുത്തശ്ശിക്ക് കൂട്ടിരിക്കാന്‍ വന്ന യുവാവിനെ മര്‍ദിച്ച രതീഷ്, വിഷ്ണു എന്നീ സുരക്ഷാ ജീവനക്കാരെയാണ് മാനുഷിക പരിഗണനയെന്ന പേരില്‍ തിരിച്ചെടുത്തത്. ഒരാള്‍ വൃക്കരോഗിയാണെന്നതും, മറ്റു വഴിയില്ലെന്നും, എല്ലാക്കാലവും പുറത്ത് നിര്‍ത്താനാവില്ലെന്നും കാട്ടിയായിരുന്നു ഇത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ സുരക്ഷാ ജോലിക്ക് നിയോഗിക്കരുതെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് സ്വകാര്യ ഏജന്‍സിക്ക് കീഴിലുള്ള ഇവരെ സൂക്ഷമതയോടെ ജോലി ചെയ്യേണ്ട മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് തന്നെ തിരികെയെടുത്തത്.
ആശുപത്രി പരിസരത്ത് വാര്‍ഡന്മാരുടെ അതിക്രമം തുടരുമ്പോഴും തുടര്‍നടപടിയില്‍ മെല്ലെപ്പോക്കാണ്. ഈ മാസം മൂന്നാം തിയതി, അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ യുവാവിനെ മര്‍ദിച്ച ട്രാഫിക് വാര്‍ഡന്മാരെ പുറത്താക്കിയെന്ന് പറയുമ്പോഴും ചുമതലയിലുണ്ടായിരുന്ന മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ട്രാഫിക് വാര്‍ഡന്‍ മര്‍ദിക്കുമ്പോള്‍ മറ്റു സെക്യൂരിറ്റി ജീവനക്കാരും ചുമതലയുള്ള ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
അഖില്‍ എന്ന യുവാവ് ആദ്യം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും, കൂടെയെത്തിയ യുവാവ് വിവിധ കേസുകളില്‍ പ്രതിയാണെന്നും ഉള്‍പ്പടെ കാട്ടിയാണ് സുരക്ഷാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് കൂടുതല്‍ നടപടികളെടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നത്. സുരക്ഷാ ജീവനക്കാരെ യുവാക്കള്‍ ആക്രമിച്ചെന്ന് പറയുമ്പോഴും ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല.