നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ പറയുന്ന കാരണങ്ങള്‍ വ്യാജമെന്ന് ദിലീപ്

Spread the love

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നും ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. കാവ്യാ മാധവന്റെ അച്ഛന്‍ മാധവനെയും, അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ആരോപിച്ചു.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ നിരത്തിയ കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് തന്നോട് വിരോധമാണ്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കാവ്യാ മാധവന്‍ ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ബാലചന്ദ്രകുമാറുമായുള്ള ഇടപാടുകള്‍, വോയിസ് ക്ലിപ്പുകള്‍, സാക്ഷികളെ സ്വാധീനിക്കല്‍ എന്നിവ സംബന്ധിച്ചാണ് ദിലീപിന്റെ സഹോദരന്‍ അനൂപിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ മൂന്ന് പേരെയും വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് ആരോപിക്കുന്നു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പരാജയപ്പെടുത്താന്‍ കേസിലെ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും അതിജീവിതയും പ്രവര്‍ത്തിക്കുകയാണെന്നും ദിലീപ് ആരോപിച്ചു. ദിലീപിന്റെ സത്യവാങ്മൂലം സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *