ജനുവരിയില്‍ 6.52 ശതമാനം വര്‍ധന, രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്. രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തി. മുട്ട, മാംസം,മത്സ്യം, പാല്‍ തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വ്യക്താമാക്കി.
ഡിസംബറില്‍ 5.72 ആയിരുന്ന ചില്ലറ വിലക്കയറ്റ നിരക്ക് 6.52 ശതമാനമായി ഫെബ്രുവരിയില്‍ കുതിച്ചുയര്‍ന്നു. ഭക്ഷ്യ ഉത്പ്പന്ന വില ഡിസംബറിലെ 4.2 ല്‍ നിന്ന് ജനുവരിയില്‍ 6 ആയി ഉയര്‍ന്നു. നഗരങ്ങളെക്കാള്‍ വിലക്കയറ്റം രൂക്ഷമാകുന്നത് ഗ്രാമങ്ങളിലാണ്. നഗരങ്ങളിലെ തോത് 6 ശതമാനം ആയപ്പോള്‍ ഗ്രാമങ്ങളില്‍ അത് 6.9 ശതമാനമായി ഉയര്‍ന്നു.
റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ച ആറ് ശതമാനത്തിലും കൂടുതലാണ് വര്‍ധന. ധാന്യങ്ങള്‍ക്ക് 16.12 ശതമാനവും മുട്ടയ്ക്ക് 8.78 ശതമാനവും പാലിന് 8.79 ശതമാനവും വില വര്‍ധിച്ചു. എന്നാല്‍ പച്ചക്കറിക്ക് 11.7 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് റിപോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ചില്ലറ വ്യാപാര മേഖലയിലെ വിലവര്‍ധന 4 ശതമാനത്തില്‍ നിലനിര്‍ത്തണമെന്ന് റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.