ഇന്ധന സെസ് വര്‍ധന : സമര പരിപാടികളുമായി പ്രതിപക്ഷം , യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന്
തിരുവനന്തപുരം : ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകീട്ട് നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് സമരം.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളില്‍ വിവിധ നേതാക്കളും നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജിലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും