കുട്ടനാട്ടില്‍ സി.പി.എമ്മുകാര്‍ തെരുവില്‍ ഏറ്റുമുട്ടി; നേതാക്കളടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Spread the love

കുട്ടനാട്: വിഭാഗീയത തുടരുന്ന കുട്ടനാട്ടില്‍ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവില്‍ ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്ക്. തലയ്ക്കു പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച വൈകുന്നേരം മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപമാണ് സംഘര്‍ഷത്തിന്റെ തുടക്കം. വേഴപ്രയില്‍നിന്നുള്ള സി.പി.എം. വിമതവിഭാഗത്തില്‍പ്പെട്ടവരും ഔദ്യോഗികപക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് രാമങ്കരിയില്‍ വെച്ച് ശരവണനും രഞ്ജിത്തും ഇതു ചോദ്യംചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഔദ്യോഗികപക്ഷം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാത്രി വൈകി തുടരാക്രമണവുമുണ്ടായി.
ഇതില്‍ വിമതപക്ഷത്തിലെ ചിലര്‍ക്കും പരിക്കേറ്റു. കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം.
രാമങ്കരിയില്‍നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയ കമ്മിറ്റിയംഗമുള്‍പ്പെടെ 42 പേര്‍ രാജിവെച്ചത് സി.പി.എം.നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടനാട് ഏരിയ കമ്മിറ്റിക്കു കീഴിലുള്ള വിവിധ ബ്രാഞ്ചുകളില്‍നിന്ന് മുന്നൂറിലധികംപേര്‍ രാജിവെച്ചിരുന്നു. നേതൃത്വം ഇടപെട്ട് പരാതികേള്‍ക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പും നല്‍കിയതോടെ പ്രശ്‌നങ്ങള്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *