കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാരെത്തി; ഓഫീസില്‍ പൊലീസ് സുരക്ഷ

Spread the love

കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ട അവധിയുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും.വിനോദയാത്ര പോയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. വിഷയത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും സിപിഐ അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള പോര് തുടരുകയാണ്.

45 ജീവനക്കാരാണ് ഇന്ന് ജോലിക്കെത്തിയത്. രാവിലെ ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാര്‍ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനും തയാറായില്ല. കോണ്‍ഗ്രസ് അനുകൂല സംഘടനയുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് പ്രതികരിക്കാന്‍ തയ്യാറായത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റവന്യുവകുപ്പിലെ ജീവനക്കാര്‍ ഒന്നിച്ച് വിനോദയാത്ര പോയത്. വിഷയം പുറത്തുവന്നതോടെ ഇടപെട്ട, കോന്നി എംഎല്‍എക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷ് വാട്ട്സ്ആപ്പ് സന്ദേശം അയച്ചത്. പത്ത് പേരെങ്കിലും സേവനം കിട്ടാതെ താലൂക്ക് ഓഫിസില്‍ നിന്ന് മടങ്ങിപോയെന്ന് ജനീഷ് കുമാര്‍ പറഞ്ഞത് വാസ്തവമാണെങ്കില്‍ താന്‍ ജോലി രാജിവയ്ക്കാമെന്നും എം സി രാജേഷ് മെസേജിലൂടെ വെല്ലുവിളി ഉയര്‍ത്തിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *