സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി കടമെടുക്കുന്നു

Spread the love

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനസര്‍ക്കാര്‍ അടിയന്തര ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളില്‍നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. മുടങ്ങിയ സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് ഉള്‍പ്പെടെയാണിത്. അടുത്തയാഴ്ച പണം ലഭിക്കും.
സാമൂഹികസുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് പണം എടുക്കുന്നത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളാണ്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയില്‍ കുറവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു.
പ്രതിസന്ധി അതിരൂക്ഷമായതിനാലാണ് വായ്പയ്ക്ക് വീണ്ടും സഹകരണമേഖലയിലേക്ക് തിരിയുന്നത്. എടുക്കാവുന്ന വായ്പയില്‍നിന്ന് ഇതും കേന്ദ്രം കുറയ്ക്കും. എട്ടരശതമാനം പലിശയ്ക്ക് ഒരുവര്‍ഷത്തേക്കാണ് വായ്പ. സര്‍ക്കാരിന് പണം ലഭ്യമാകുന്നമുറയ്ക്ക് ഇതു തിരികെ നല്‍കുമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ പൊതു വായ്പപ്പരിധിയില്‍ കുറച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍, ദൈനംദിന ചെലവുകള്‍ക്ക് വലിയ ഞെരുക്കത്തിലാണ് സര്‍ക്കാര്‍.
ഊര്‍ജമേഖലയില്‍ കെ.എസ്.ഇ.ബി.യുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 4060 കോടി രൂപ സര്‍ക്കാരിന് ഈവര്‍ഷം അധികമായി വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച രേഖകള്‍ ഇനിയും കെ.എസ്.ഇ.ബി. അന്തിമമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്രം നിര്‍ദേശിച്ച രീതിയില്‍ സ്വകാര്യമേഖലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനെ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍ എതിര്‍ത്തിരുന്നു. കെ.എസ്.ഇ.ബി. നേരിട്ട് സ്ഥാപിക്കുന്നതിനുള്ള സി.ഐ.ടി.യു., സി.പി.എം. സംഘടനകളുടെ ബദല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ വായ്പപ്പരിധിയെ ബാധിക്കാതെ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. 28നകം റിപ്പോര്‍ട്ട് നല്‍കും.
വായ്പയില്‍നിന്ന് ഡിസംബറിലെ സാമൂഹിക സുരക്ഷാപെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെയുള്ള ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും നല്‍കും. 59 ലക്ഷംപേര്‍ക്ക് 1600 രൂപാ വീതം നല്‍കണം. 800 കോടി വേണ്ടിവരും. ജനുവരിയിലെ പെന്‍ഷനും മുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *